| Thursday, 18th May 2023, 9:25 pm

വാര്‍ണറിന് ശേഷം ഇവന്‍ മാത്രം... അടുത്ത സീസണില്‍ ആരെ വിട്ടാലും ഇവനെ വിട്ടുകൊടുക്കില്ല; എതിരാളികളെ കൊണ്ട് പോലും കയ്യടിപ്പിച്ച മാസ്റ്റര്‍ ക്ലാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 65ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം ഹെന്റിക് ക്ലാസന്‍. 51 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും ആറ് സിക്‌സറിന്റെയും അകമ്പടിയോടെ 104 റണ്‍സാണ് താരം നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും കാര്യമായി ഒരു ഓളവുമുണ്ടാക്കാതെ പോയപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ ക്ലാസനായിരുന്നു സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ക്ലാസന് മുമ്പില്‍ ആര്‍.സി.ബി ബൗളര്‍മാര്‍ കളി മറക്കുകയായിരുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഓരോ കോണിലേക്കും ക്ലാസന്റെ ബാറ്റില്‍ നിന്നും ഷോട്ടുകള്‍ പറന്നു.

നേരിട്ട 47ാം പന്തിലായിരുന്നു ക്ലാസന്‍ സെഞ്ച്വറി തികച്ചത്. ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 97ല്‍ നില്‍ക്കവെ സിക്‌സര്‍ നേടിക്കൊണ്ടായിരുന്നു ക്ലാസന്‍ സെഞ്ച്വറി തികച്ചത്. താരത്തിന്റെ രണ്ടാം ടി-20 സെഞ്ച്വറിയും സണ്‍റൈസേഴ്‌സിനായി നേടിയ ആദ്യ സെഞ്ച്വറിയുമാണിത്.

ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് സണ്‍റൈസേഴ്‌സ് താരമാണ് ക്ലാസന്‍. 43 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റസ്റ്റ് സെഞ്ചൂറിയന്‍.

സ്‌കോര്‍ 104ല്‍ നില്‍ക്കവെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പുറത്തായ ഈ ഡെലിവെറി ഉള്‍പ്പെടെ ഏഴ് ഡോട്ട് ബോളുകള്‍ മാത്രമായിരുന്നു ക്ലാസന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ക്ലാസന്റെ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഓറഞ്ച് ആര്‍മി നേടിയത്. തങ്ങളുടെ ഹോം സ്‌റ്റേഡിയത്തിലെ അവസാന മത്സരമായതിനാല്‍ വിജയം തന്നെയായിരിക്കും സണ്‍റൈസേഴ്‌സ് ലക്ഷ്യം വെക്കുന്നത്.

content highlight: Heinrich Klassen scored century against RCB

We use cookies to give you the best possible experience. Learn more