|

സണ്‍റൈസേഴ്‌സിന്റെ തുടര്‍തോല്‍വിക്കിടെ പിന്നാലെ ക്ലാസനെ കടുംവെട്ട് വെട്ടി സൗത്ത് ആഫ്രിക്ക! ഇത് കരിയര്‍ എന്‍ഡോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലിസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്‌റിക് ക്ലാസനെ ഉള്‍പ്പെടുത്താതെ പ്രോട്ടിയാസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ലിസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഹൈബ്രിഡ് പ്ലെയറായി രണ്ട് താരങ്ങള്‍ ഉള്‍പ്പെട്ട ലിസ്റ്റിലാണ് ക്ലാസന്റെ പേരില്ലാത്തത് എന്നതാണ് ആരാധകരില്‍ ഒരേസമയം നിരാശയും ആശങ്കയും ഉണര്‍ത്തുന്നത്.

2024ല്‍ ജനുവരിയില്‍ അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ച് ടി-20യില്‍ ടീമിന്റെ അവിഭാജ്യ ഘടകമായ ക്ലാസനെ എന്തുകൊണ്ട് പുറത്താക്കി എന്ന ചോദ്യം ലോകമെമ്പാടുമുള്ള ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ കളിക്കാന്‍ ക്ലാസന്‍ താത്പര്യപ്പെടുന്നതിനാല്‍ താരത്തിന്റെ ദേശിയ കരാറിനെ കുറിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ചകളുണ്ടാകുമെന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

അതേസമയം, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡസന്‍ എന്നിവര്‍ക്ക് ഹൈബ്രിഡ് കരാറാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പര്യടനങ്ങള്‍ക്കും ഐ.സി.സി ഇവന്റുകളിലുമാകും ഇവര്‍ കളിക്കുക.

നിലവില്‍ ഡേവിഡ് മില്ലറിന് 35 വയസും റാസി വാന്‍ ഡെര്‍ ഡസനും 36 വയസുമാണുള്ളത്. ഇരുവരും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഇവരെ പതിയെ മാറ്റി നിര്‍ത്തി പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത്.

18 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക പുതിയ ലിസ്റ്റ് പ്രഖ്യാപിച്ചത്. ലിസാദ് വില്യംസ്, എസ്. മുത്തുസാമി, ക്വേന മഫാക്ക എന്നിവര്‍ക്ക് ആദ്യമായി കരാര്‍ ലഭിച്ചപ്പോള്‍ ക്ലാസന്‍, തബ്രായിസ് ഷംസി എന്നിവരടക്കം നാല് താരങ്ങള്‍ കരാറിന് പുറത്തായി.

കൈല്‍ വെരായ്‌നെ, വിയാന്‍ മുള്‍ഡര്‍, ഡേവിഡ് ബെഡ്ഡിങ്ഹാം എന്നിവര്‍ അപ്‌ഗ്രേഡ് നല്‍കിയപ്പോള്‍ പരിക്കേറ്റ നാന്ദ്രേ ബര്‍ഗറിനെയും ക്രിക്കറ്റ് ബോര്‍ഡ് കരാറിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലിസ്റ്റ്

തെംബ ബാവുമ, ഡേവിഡ് ബെഡ്ഡിങ്ഹാം, നാന്ദ്രേ ബര്‍ഗര്‍, ജെറാള്‍ഡ് കോട്‌സിയ, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ക്വേന മഫാക, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, സെനുരന്‍ മുത്തുസാമി, ലുങ്കി എന്‍ഗിഡി, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ, ലിസാദ് വില്യംസ്.

ഹൈബ്രിഡ് കോണ്‍ട്രാക്ട്: ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡസന്‍.

കരാറില്‍ നിന്ന് പുറത്തായ താരങ്ങള്‍: ഹെന്‌റിക് ക്ലാസന്‍, ബ്യോണ്‍ ഫോര്‍ച്യൂണ്‍, അആന്‍ഡില്‍ പെഹ്ലുക്വായോ, തബ്രായിസ് ഷംസി.

Content Highlight: Heinrich Klaasen omitted form Cricket South Africa’s central contract

Latest Stories