സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെ 69 റണ്‍സിന് തോല്‍പ്പിച്ച് ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.
മത്സരത്തില്‍ ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി സൗത്ത് ആഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തില്‍ 74 റണ്‍സാണ് ക്ലാസന്‍ അടിച്ചെടുത്തത്. മൂന്നു ഫോറുകളും ഏഴ് സിക്‌സുകളും ആണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 246.67 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
തന്റെ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബ്രാഞ്ച് ടീമായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെയാണ് ഫൈനലില്‍ ക്ലാസന്‍ നേരിടുക. അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരം ഏറെ ശ്രദ്ധേയമാവുമെന്നുറപ്പാണ്.
അതേസമയം വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ജോബര്‍ഗ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്.
ജയന്റ്‌സ് ബാറ്റിങ്ങില്‍ ക്ലാസന് പുറമെ വിയാന്‍ മള്‍ഡര്‍ 23 മൂന്ന് പന്തില്‍ 50 റണ്‍സും നേടി വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്സ് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ജോബര്‍ഗിന്റെ ബൗളിങ് നിരയില്‍ നാന്ദ്ര ബര്‍ഗര്‍, ഡഗ് ബ്രസ്വെല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് 17.4 ഓവറില്‍ 142 റണ്‍സിന് പുറത്താവുകയായിരുന്നു. സൂപ്പര്‍ ജയന്റ്സ് ബൗളിങ് നിരയില്‍ ജൂനിയര്‍ ഡാല നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നവീന്‍ ഉള്‍ ഹഖ്, ഡേയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ഫെബ്രുവരി 10ന് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ് ആണ് സൂപ്പര്‍ ജയന്റ്സിന്റെ എതിരാളികള്‍.
Content Highlight: Heinrich Klaasen great performance in SA T20.