| Thursday, 12th June 2014, 7:26 pm

നര്‍മ്മദ ഡാമിന്റെ ഉയരം കൂട്ടാന്‍ അനുമതി;രണ്ടര ലക്ഷം പേര്‍ കുടിയൊഴിക്കപ്പെടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] അഹമ്മദാബാദ്: ഗുജറാത്തിലെ നര്‍മ്മദ ഡാമിന്റെ ഉയരം 17 മീറ്റര്‍ ഉയര്‍ത്താന്‍ നര്‍മ്മദ അണക്കെട്ട് അധികൃതരുടെ അനുമതി. 121 മീറ്ററില്‍ നിന്ന് ഡാമിന്റെ ഉയരം 138 മീററര്‍ ആയി ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്്. ഗുജറാത്തിലെ വിവാദമായ സര്‍ദര്‍ സരോവര്‍ ഡാമിന്റെ ഉയരം കൂട്ടാനാണ് നര്‍മ്മദ ഡാം അതോറിറ്റി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡാമിന്റെ ഉയരം കൂട്ടുന്നതിനെതിരെ മേധാ പട്കര്‍  ഉള്‍പ്പടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി. തീരുമാനം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന രണ്ടര ലക്ഷത്തിലധികം പേരെ ദോഷകരമായി ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക.തീരുമാനം ജനാധിപത്യ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന്  മേധാപട്കര്‍ പ്രതികരിച്ചു.

യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ്  ഉയരം കൂട്ടാന്‍  അനുമതി നല്‍കിയിരിക്കുന്നത്.  ഉയരം കൂട്ടുന്നതോടെ വെള്ളത്തിനടിയിലാകുന്ന സ്ഥലത്ത് രണ്ടരലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ടെന്ന് നര്‍മദാ ബച്ചാവോ ആന്ദോളന്‍  പ്രവര്‍ത്തകര്‍ അറിയിച്ചു.  പ്രദേശവാസികളുടെ വികാരം മന്ത്രാലയം മനസ്സിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗുജറാത്ത് അടക്കം നാലു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ് അണക്കെട്ടെന്നും അതു നിര്‍ദ്ദിഷ്ട രൂപത്തില്‍ പണിയണമെന്നുമാണു നര്‍മദാ നിയന്ത്രണ അതോറിറ്റിയുടെ വാദം.  അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും കൂട്ടരുത് എന്ന് ആവശ്യവുമായി മേധാ പട്കറും നേരത്തേ നിരാഹാരമിരുന്നിരുന്നു.

മോദി പ്രധാനമന്ത്രിയായതോടെ നര്‍മ്മദാ നിയന്ത്രണ അതോറിറ്റിയുടെ പുനപരിശോധനാ സമിതി വീണ്ടും ഡാമിന്റെ ഉയരം കൂട്ടാന്‍ അനുമതി നല്‍കിയതായാണു ആക്ഷേപം.  നര്‍മ്മദയിലെ വിവിധോദ്യേശ്യ പദ്ധതികള്‍ക്കായുളള അണക്കെട്ടാണ് സര്‍ദര്‍ സരോവര്‍. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനെതിരെ മേധാ പട്കറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണ് നര്‍മദാ ബച്ചാവോ ആന്തോളന്‍. ഡാമിന്റെ ഉയരം വീണ്ടും കൂട്ടാന്‍ ഡാം കണ്‍ട്രോള്‍ അതോറിറ്റി തീരുമാനിച്ചതിലൂടെ നര്‍മദ വീണ്ടും സജീവമാകുകയാണ്.

We use cookies to give you the best possible experience. Learn more