ന്യൂദൽഹി: ഗംഗാ ജലത്തിന് മോദി സർക്കാർ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് വിമർശനവുമായി കോൺഗ്രസ്.
ഇത് കൊള്ളയുടെയും കപടതയുടെയും അങ്ങേയറ്റമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ആരോപിച്ചു.
‘മോദിജി, ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ജനനം മുതൽ മരണം വരെ മോക്ഷ ദാതാവായ ഗംഗയുടെ പ്രാധാന്യം വളരെ വലുതാണ്. പുണ്യ ജലമായ ഗംഗക്ക് പോലും നിങ്ങളുടെ സർക്കാർ 18 ശതമാനം ജി.എസ്.ടി ചുമത്തിയിരിക്കുകയാണ്.
സ്വന്തം വീട്ടിലേക്ക് ഗംഗാ ജലം വാങ്ങുവാൻ ആഗ്രഹിക്കുന്നവരുടെ മേൽ എത്രത്തോളം ഭാരമാണിതെന്ന് ഒരിക്കൽ പോലും നിങ്ങൾ ചിന്തിച്ചില്ല. നിങ്ങളുടെ സർക്കാരിന്റെ കൊള്ളയുടെയും കപടതയുടെയും അങ്ങേയറ്റമാണ് ഇത്,’ മല്ലികാർജുൻ ഗാർഗെ എക്‌സിൽ പോസ്റ്റ് ചെയ്തു.
അതേസമയം മണിപ്പൂരിലെ സാഹചര്യം വ്യക്തമാക്കുന്ന അനിമേഷൻ വീഡിയോ കോൺഗ്രസ് സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴാണ് മണിപ്പൂരിലേക്ക് പോകുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു.
Content Highlight: ‘Height of loot, hypocrisy’: Congress flays Centre over GST on Ganga water