ടി-20 ചരിത്രത്തിൽ ഇതാദ്യം; ആ മൂന്ന് പന്തുകൾ നടന്നുകയറിയത് ലോകറെക്കോഡിലേക്ക്
Cricket
ടി-20 ചരിത്രത്തിൽ ഇതാദ്യം; ആ മൂന്ന് പന്തുകൾ നടന്നുകയറിയത് ലോകറെക്കോഡിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th February 2024, 3:48 pm

2024 എ.സി.സി വുമണ്‍സ് പ്രീമിയര്‍ കപ്പില്‍ യു.എ.ഇക്ക് തകര്‍പ്പന്‍ ജയം. ഇന്തോനേഷ്യയെ 56 റണ്‍സിനാണ് യു.എ.ഇ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ യു.എ.ഇ ബൗളിങ്ങില്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് ഹീന ഹോത്ചന്ദാനി നടത്തിയത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മത്സരത്തില്‍ ഇന്തോനേഷ്യയുടെ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു.ഇന്തോനേഷ്യയുടെ ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ ആയിരുന്നു ഹീനയുടെ ഹാട്രിക് പിറന്നത്.

മരിയ കൊറോസണ്‍, മിയ അര്‍ദ, നി ലൂഹ് ദേവി എന്നിവരുടെ വിക്കറ്റുകളാണ് ഹീന നേടിയത്. ഈ മൂന്നു വിക്കറ്റുകള്‍ വീഴുമ്പോഴും ഇന്തോനേഷ്യ റണ്‍സ് ഒന്നും നേടിയിരുന്നില്ല. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും യു.എ.ഇ താരത്തെ തേടിയെത്തി.

ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഹാട്രിക് നേടുമ്പോള്‍ ടീം ടോട്ടല്‍ പൂജ്യം ആവുന്നത്. ഈ ചരിത്രനേട്ടമാണ് ഹീന സ്വന്തം പേരില്‍ കുറിച്ചത്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് നേടിയത്.

ഇന്തോനേഷ്യയുടെ ബൗളിങ്ങില്‍ നി വയാന്‍ സറിയോനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. യു.എ.ഇ ബാറ്റിങ്ങില്‍ സമൈറ ധര്‍മ്മിതര്‍ക്ക 28 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്തോനേഷ്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മാത്രമാണ് നേടിയത്. ഇന്തോനേഷ്യയുടെ ബാറ്റിങ്ങില്‍ ആര്‍ക്കും തന്നെ 20ന് മുകളില്‍ കോള്‍ ചെയ്യാന്‍ സാധിക്കാതെ പോയി.

യു.എ.ഇ ബൗളിങ്ങില്‍ ഹീനക്ക് പുറമെ വൈഷ്ണവി മഹേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight:  Heena Hotchandani new record in T20