| Friday, 29th September 2023, 2:06 pm

'നാണക്കേട്, ഫൈനലില്‍ മെസിയെ കിട്ടിയില്ല'; മയാമിയെ തോല്‍പ്പിച്ചതിന് പിന്നാലെ എതിര്‍ ടീം ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

യു.എസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ ലയണല്‍ മെസിയെ നേരിടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഹൂസ്റ്റണ്‍ ഡൈനാമോ ക്യാപ്റ്റന്‍ ഹെക്ടര്‍ ഹെരേര. പരിക്കിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചതിനാല്‍ ഇന്റര്‍ മയാമിക്കൊപ്പം കളിക്കാന്‍ മെസിയുണ്ടായിരുന്നില്ല. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മയാമി ഹൂസ്റ്റണ്‍ ഡൈനാമോയോട് തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസിക്കൊപ്പം കളിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും ഫൈനലില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയാതിരുന്നത് ലജ്ജാകരമായി തോന്നുന്നുവെന്നും ഹെരേര പറഞ്ഞു. ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഹെരേര ഇക്കാര്യം പങ്കുവെച്ചത്.

‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ നേരിടണമെന്ന് എല്ലാവരും ആഗ്രഹിക്കുമ്പോള്‍ ഫൈനലില്‍ അദ്ദേഹവുമായി ഏറ്റുമുട്ടാന്‍ സാധിക്കാതിരുന്നത് നിരാശാജനകമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍. മെസിക്ക് മത്സരം നഷ്ടമാകുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അവസരമുണ്ടാകുമെന്ന് ചിന്തിച്ചുവെന്നത് സത്യമാണ്.

ഞങ്ങള്‍ക്ക് അദ്ദഹേത്തിന്റെ നിലവാരം നന്നായിട്ടറിയാം. അവസാന നിമിഷം മത്സരത്തില്‍ എത്രമാത്രം നിര്‍ണായകമാകുമെന്നും ഞങ്ങള്‍ക്കറിയാം. ആരും നിനച്ചിരിക്കാത്തപ്പോള്‍ ഗോള്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. അത് എതിര്‍ ടീമിലുള്ളവര്‍ക്ക് നിലവാരം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായതുകൊണ്ടാണ്,’ ഹെരേര പറഞ്ഞു.

മെസിയില്ലാത്ത ഫീല്‍ഡ് തികച്ചും വ്യത്യസ്തമാണ് ആ രാത്രി ഇന്റര്‍ മയാമിക്ക് മെസിയെയും ആല്‍ബയെയും നഷ്ടമായത് വിനയായെന്നും ഹെരേര പറഞ്ഞു. എന്നിരുന്നാലും, ഇന്റര്‍ മയാമി മികച്ച ടീമാണെന്നും മത്സരത്തില്‍ അവര്‍ക്കൊരുമിച്ച മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ബ്രേക്ക് വന്നത് മുതല്‍ മെസി പരിക്കിന്റെ പിടിയിലായിരുന്നു. സെപ്റ്റംബര്‍ 20ന് ടൊറന്റോ എഫ്.സി.ക്കെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞയാഴ്ച ടൊറന്റോയ്‌ക്കെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ താരം പരിക്ക് പറ്റി പുറത്ത് പോയിരുന്നു. അതിനാല്‍ യു.എസ് ഓപ്പണ്‍ കപ്പിന്റെ ഫൈനലില്‍ ബെഞ്ചിലിരിക്കാനുള്ള ഫിറ്റ്‌നെസ് പോലും മെസിക്കുണ്ടായിരുന്നില്ല.

സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം ക്ലബ്ബിനായി നേടിയിട്ടുണ്ട്. ഈ സീസണില്‍ ടീമിനൊപ്പം ലീഗ്‌സ് കപ്പ് കിരീടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.

ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് സിറ്റിയുമായാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം അതിനിര്‍ണായകമാണ് ഇന്റര്‍ മയാമിക്ക്.

Content Highlights:  Hector Herrera reacts to Lionel Messi missing US Open Cup final

We use cookies to give you the best possible experience. Learn more