ചരിത്രം കുറിക്കാന്‍ ഫലസ്തന്‍കാരി ഹെബ സാദിഹ്; ലോകകപ്പില്‍ റഫറിയാകും
football news
ചരിത്രം കുറിക്കാന്‍ ഫലസ്തന്‍കാരി ഹെബ സാദിഹ്; ലോകകപ്പില്‍ റഫറിയാകും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th July 2023, 11:04 pm

ഈ വര്‍ഷം നടക്കുന്ന ഫിഫാ വനിതാ ലോകകപ്പിന് റഫറിയായി തെരഞ്ഞെടുക്കപ്പെട്ട് ഫലസ്ഥീന്‍ സ്വദേശിയായ ഹെബ സാദിഹ. ഒരു ലോകകപ്പില്‍ റഫറിയാകുന്ന ആദ്യ ഫലസ്തീന്‍കാരിയാണ് ഹെബ സാദിഹ്.

വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 20 വരെ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പിന്റെ ഒമ്പതാം പതിപ്പിലെ റഫറിമാരുടെ ലിസ്റ്റിലാണ് 34കാരിയായ ഹെബ സാദിഹും ഉള്‍പ്പെട്ടത്.

ഫലസ്തീനിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച സാദിഹ്, സിറിയയിലെ ഡമാസ്‌കസിലെ ഒരു സര്‍വകലാശാലയില്‍ നിന്നാണ് കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സിറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ 2012-ല്‍ മലേഷ്യയിലേക്ക് താമസം മാറി. അവിടെ നിന്നാണ് റഫറിയിങ് ആരംഭിക്കുന്നത്.

പിന്നാലെ 2016ല്‍ യുണൈറ്റഡ് നേഷന്‍സ് റീസെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സ്വീഡനിലേക്ക് താമസമാറി. നിലവില്‍ സ്വീഡനിലെ വനിതാ ലീഗിലടക്കം അറിയപ്പെടുന്ന റഫറിയാണ് സാദിഹ്.

നിരവധി എ.എഫ്.സി കപ്പ് ഗെയിമുകളിലും ഫിഫ വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും 2020 ടോക്കിയോ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിലും സാദിഹ് കളിനിയന്ത്രിച്ചിട്ടുണ്ട്. 2022-ന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ നടന്ന 21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മൗറീസ് റെവെലോ ടൂര്‍ണമെന്റിലും സാദിഹ് കളി നിയന്ത്രിച്ചിട്ടുണ്ട്.

Content Highlight: Heba Sadiha, a native of Palestine, has been selected as a referee for this year’s FIFA Women’s World Cup