തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. പതിനെട്ടാം തിയതി വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കനത്തമഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ALSO READ: മുല്ലപ്പെരിയാര്‍ തുറന്നിട്ടും ജലനിരപ്പ് ഉയരുന്നു; ഇപ്പോള്‍ നിരപ്പ് 141 അടി
ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നിരിക്കുകയാണ്. പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണമായത്.