ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി രൂക്ഷം; 60 പേര്‍ മരിച്ചു; പൂര്‍വസ്ഥിതിയിലെത്താന്‍ ഒരു വര്‍ഷമെടുക്കുമെന്ന് മുഖ്യമന്ത്രി
national news
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി രൂക്ഷം; 60 പേര്‍ മരിച്ചു; പൂര്‍വസ്ഥിതിയിലെത്താന്‍ ഒരു വര്‍ഷമെടുക്കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 1:34 pm

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 60 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 13 പേരുടെ മൃതദേഹം സമ്മര്‍ ഹില്ലിലെ ഡെബ്‌റിസില്‍ നിന്നും അഞ്ച് പേരുടേത് ഫഗ്‌ലിയില്‍ നിന്നും രണ്ട് പേരുടേത് കൃഷ്ണ നഗറില്‍ നിന്നും കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നിവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലില്‍ തകര്‍ന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ അടുത്ത രണ്ട് ദിവസങ്ങളായി ഹിമാചല്‍ പ്രദേശിലും 4-5 ദിവസങ്ങളില്‍ ഉത്തരാഖഢിലും ഒറ്റപ്പെട്ടതും കനത്തതുമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

100 ഓളം പേര്‍ ഇപ്പോഴും പോങ്ഡാമിന് സമീപമുള്ള കാന്‍ഗ്രയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. ഏകദേശം 10,000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടും വികസിപ്പിച്ചെടുക്കാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നും സുഖ്‌വിന്ദര്‍ പറഞ്ഞു.

കാന്‍ഗ്രയില്‍ നിന്ന് ഇതിനോടകം 800ലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 19 വരെ അടച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കല്‍ക്ക ഷിംല റെയില്‍വേ ട്രാക്ക് ഒലിച്ചുപോയിട്ടുണ്ട്. തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

ഉത്തരാഖഢിലും സമാന സാഹചര്യമാണ് നില്‍ക്കുന്നത്. ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നു. ഋഷികേശില്‍ ജലനിരപ്പ് അപകട നില കവിഞ്ഞ അവസ്ഥയിലാണുള്ളത്.

CONTENT HIGHLIGHTS: Heavy rains in Himachal Pradesh; 60 people died; The Chief Minister said that it will take a year to get back to normal