| Wednesday, 26th June 2024, 3:40 pm

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് നദികളില്‍ പ്രളയ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കേരളത്തിലെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

പമ്പ, മണിമല നദികളിലാണ് അപകടകരമായ രീതിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ രണ്ട് നദികളില്‍ ഇപ്പോള്‍ ഓറഞ്ച് അലേര്‍ട്ടാണ് കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷന്‍ (അച്ചന്‍കോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയര്‍ സ്റ്റേഷന്‍ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷന്‍ (തൊടുപുഴ നദി) എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമും തുറന്നിട്ടുണ്ട്.

മഴ കനക്കുന്നതിനിടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Content Highlight: Heavy rains continue in the state; Flood warning in five rivers

We use cookies to give you the best possible experience. Learn more