സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala News
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 7:53 am

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ആലപ്പുഴ,പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും 3.4 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടെന്നും അറിയിപ്പു നല്‍കിയിട്ടുണ്ട്.

ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, മംഗലം, ബാണാസുര സാഗര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ പെരിയാര്‍ തുടങ്ങിയ അണക്കെട്ടുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ബാണാസുരാ സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ 774.30 മീറ്ററാണ് ബാണാസുരസാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്വാരത്തുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

അണക്കെട്ട് തുറക്കുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മലയോരമേഖലകളിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Heavy rainfall will continue  in Kerala for 3 days