കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയില്‍മാത്രം വ്യാഴാഴ്ച എട്ടു മരണമാണ് രേഖപ്പെടുത്തിയത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ ഉരുള്‍പൊട്ടലിലും പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളുമാണ് മരിച്ചത്.
കനത്ത മഴയില്‍ സംസ്ഥാനത്ത് ഏഴുപേരെ കാണാതായി. മലപ്പുറം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി ആറുപേര്‍ മരിച്ചു. ഇതോടെ വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി.
കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട്ട് കരിഞ്ചോലമലയിലെ രണ്ടിടങ്ങളില്‍ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേരാണ് മരിച്ചത്.
മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. കാണാതായ ഏഴുപേര്‍ക്കായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
ജില്ലയില്‍ താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലെ രണ്ടിടങ്ങളിലും കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കുളിരാമുട്ടി എന്നിവിടങ്ങളിലായി ആറിടങ്ങളിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. 12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചു.
ALSO READ: ശക്തമായ മഴ: മലബാറില്‍ റെഡ് അലേര്‍ട്ട്; ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന അഞ്ചു വീടുകളില്‍ നാലു വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നിനാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ കരിഞ്ചോലമലയിലെ മണിക്കുന്ന് സ്വദേശി പ്രസാദിന്റെ വീട് തകര്‍ന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സമീപവീടുകളിലെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ രാവിലെ ആറുമണിക്ക് കനത്തശബ്ദത്തോടെ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരി പൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
അതേസമയം കോഴിക്കോട് കക്കയത്ത് ഉരുള്‍പൊട്ടി ഡാം സൈറ്റ് റോഡ് തകര്‍ന്നു. കക്കയം ടൗണില്‍നിന്ന് ഡാമിലേക്കുള്ള റോഡില്‍ അയ്യപ്പന്‍കുന്ന് ഭാഗത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ ഉരുള്‍പൊട്ടലുണ്ടായത്.
കക്കയം ഡാമില്‍നിന്ന് കെ.എസ്.ഇ.ബി. പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പിന്റെ അടിഭാഗത്തുകൂടിയാണ് കൂറ്റന്‍ കല്ലുകളും വെള്ളവും ഒലിച്ചെത്തിയത്. പൈപ്പിനും തൂണുകള്‍ക്കും കേടുപാടുണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം.