കോട്ടയം: ശക്തമായ മഴയില്‍ രൂപം കൊണ്ട വെള്ളക്കെട്ടില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.
ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി.
പലയിടങ്ങളിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തുമാണ് ഉരുള്‍പൊട്ടിയത്.
സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു.
പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. പമ്പയിലും അച്ചന്‍കോവിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്‌നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വൈകുന്നേരത്തോടെ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത.