| Sunday, 13th September 2020, 7:57 am

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുമെന്നതിനാല്‍ വിവിധ ജില്ലകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4എം.എം വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളോട് ജാഗ്രതനിര്‍ദ്ദേശം പാലിക്കാന്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ ശക്തമാകും.

മഴ ശക്തമാകുമെന്നതിനാല്‍ ബുധനാഴ്ച അഞ്ച് ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5എം.എം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്.

അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: heavy rainfall in kerala till wednesday 

We use cookies to give you the best possible experience. Learn more