പതിനൊന്നു വരെ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kerala
പതിനൊന്നു വരെ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th June 2018, 7:20 am

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ചവരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം ഇത്തവണ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയ്ക്ക് പുറമേ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.


ALSO READ: ഷാരൂഖ് ഖാന്റെ സഹോദരി പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു


അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലക്കമ്മിഷനും അറിയിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

കനത്ത മഴ ദിവസങ്ങളോളം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രാനിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണ സേന ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.