തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നതിനാല്‍ കോമോറിന്‍, മാലിദ്വീപ്, ഇതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വര്‍ഷം കേരളത്തില്‍ തുലാമഴയില്‍ 54 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഒക്ടോബര്‍ ഒന്നു മുതലുള്ള കണക്കനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴലഭിച്ചത്.
അറബിക്കടലില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയം രൂപപ്പെട്ടതും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കി. ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തില്‍മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചില്ല.