താമരശ്ശേരി: കനത്ത മഴയെത്തുടര്‍ന്ന് താമരശ്ശേരി ചുരം ഇടിയുകയും വിവിധയിടങ്ങളില്‍ വെള്ളം ഉയരുകയും ചെയ്തതോടെ കോഴിക്കോടിന്റെ കിഴക്കന്‍ മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കയാണ്.
ചുരത്തിന്റെ വിവിധയിടങ്ങളില്‍ തുടര്‍ച്ചയായ മണ്ണിടിച്ചില്‍ സംഭവിക്കുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് പോലീസ് നിയന്ത്രിച്ചിരിക്കയാണ്. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ മാത്രമാണ് നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ചുരത്തിലെ മണ്ണിടിച്ചിലിന് പുറമെ കോഴിക്കോടിനും അടിവാരത്തിനുമിടയില്‍ മൂന്നിടങ്ങളിലായി വെള്ളം ഉയര്‍ന്നതും കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഈങ്ങാപ്പുഴ, നെല്ലാങ്കണ്ടി, പടനിലം എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് ദേശീയപാത വെള്ളത്തിനടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍പൊട്ടല്‍ സംഭവിച്ച കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ മലവെള്ളപ്പാച്ചിലാണ് ഈങ്ങാപ്പുഴയെ വെള്ളത്തിനടിയിലാക്കിയിരിക്കുന്നത്. ഇതേ സമയം പൂനൂര്‍പുഴയിലെ വെള്ളം ഉയര്‍ന്നതാണ് നെല്ലാങ്കണ്ടി, പടനിലം എന്നീ സ്ഥലങ്ങളെ ബാധിച്ചത്.
ദേശീയപാതയിലെ ഗതാഗതത്തിന് സംഭവിച്ച ഈ തടസ്സങ്ങള്‍ വയനാടിനെ പല രീതിയില്‍ പ്രയാസത്തിലാക്കുന്നുണ്ട്. അത്യാവശ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തേണ്ട രോഗികള്‍ പോലും ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. വലിയ ലോറികള്‍ക്കും കെ.എസ്.ആര്‍.ടിസി ബസ്സുകള്‍ക്കും മാത്രമാണ് നിലവില്‍ ഈ വെള്ളക്കെട്ടിനെ മറികടന്ന് പോകാന്‍ സാധിക്കുന്നത്.