കോഴിക്കോട്: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ നാളെ വൈകീട്ടു വരെ കേരള, ലക്ഷ്യദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നെടുങ്കണ്ടത്ത് നിരവധി കടകളില്‍ വെള്ളം കയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്ന ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ ചമ്പക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായകൃഷിനാശവുണ്ടായിട്ടുണ്ട്.
ഈ വര്‍ഷം സംസ്ഥാനത്ത് ശരാശരി തുലാവര്‍ഷം ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ പ്രവചനത്തില്‍ ഐ.എംഡി വ്യക്തമാക്കി. ഇതു കുറയാനല്ല കൂടാനാണു സാധ്യതയെന്നും നിരീക്ഷണ കേന്ദ്രം പറയുന്നു.