Heavy Rain
മഴക്കെടുതിയില്‍ ശ്രദ്ധേയമായ ഈ ചിത്രത്തിന് പിന്നിലെ ജീവിതം ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 11, 06:08 am
Sunday, 11th August 2019, 11:38 am

സര്‍വ്വനാശവും വിതച്ച് മഴ പെയ്തിറങ്ങിയതോടെ മുട്ടാര്‍ പുഴ കരകവിഞ്ഞൊഴുകി. ജനജീവിതത്തിലേക്ക് മഴവെള്ളപ്പാച്ചിലെത്തി സര്‍വ്വതും ഒലിച്ചുപോയി.

ഈ ദുരിതത്തിന് നടുവിലും ആശ്വാസം പകരുന്ന ചില ചിത്രങ്ങളുണ്ട്. അത്തരമൊന്നാണ് ചേരാനല്ലൂരില്‍നിന്നും ഷേര്‍ളി എന്ന വീട്ടമ്മ വെള്ളത്തില്‍ മുങ്ങിയ പന്നിഫാമിലെ പന്നികള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രം. മുട്ടിനുമുകളില്‍ വെള്ളത്തില്‍നിന്നാണ് ഷേര്‍ളി പന്നികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. വിശന്ന പന്നികള്‍ ഷേര്‍ളി കൊടുക്കുന്ന തീറ്റയ്ക്കുവേണ്ടി ആവേശത്തോടെ ചുറ്റും കൂടുന്നതും കാണാം ചിത്രത്തില്‍.

മഴ ശക്തിപ്രാപിച്ച ദിവസങ്ങളില്‍ ഈ ചിത്രം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം ചിത്രമടക്കം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനുവേണ്ടി എ സനേഷ് പകര്‍ത്തിയതാണ് ചിത്രം. ആര് പകര്‍ത്തിയതാണ് എന്നൊന്നും വ്യക്തമാകാതെയായിരുന്നു ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്.

സംസ്ഥാനത്ത് അതിതീവ്ര മഴ കുറയുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

മലയോര ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചൊവ്വാഴ്ച വരെ തീരദേശ ജില്ലകളില്‍ മഴ തുടരും. മൂന്ന് ജില്ലകളിലാണ് ഇന്നും റെഡ് അലര്‍ട്ട് തുടരുന്നത്.