| Monday, 11th October 2021, 10:52 pm

കനത്ത മഴ, അപകട സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്.

ഇതിന് പുറമെ ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു. തിങ്കളാഴ്ച്ച മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിരോധനം.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.തിരുവനന്തപുരത്ത് ശക്തമായ മഴയാണ് മലയോര മേഖലകളില്‍. പാലോട്,വിതുര ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെളളം കയറി.

പാലക്കാട് സൈലന്റ് വാലി വനത്തില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയം. അട്ടപ്പാടിയിലെ പുഴകളില്‍ മലവെള്ളപാച്ചിലുണ്ടായി.അട്ടപ്പാടി ചുരത്തിലൂടെ വന്‍ തോതില്‍ വെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസപെട്ടു.

സംസ്ഥാനത്ത് 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കല്ലാര്‍ കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് 4 മണിമുതല്‍ 500 ക്യൂമെക്‌സ് വെള്ളം ഒഴുക്കി വിടും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more