കനത്ത മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala News
കനത്ത മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 7:49 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കിയില്‍ പൂര്‍ണമായും ഹോസ്റ്റല്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

നാല് ജില്ലകളിലെ റെഡ് അലേര്‍ട്ട് കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന ക്ഷമമാണ്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

ശക്തമായ മഴ തുടരുന്നതിനാല്‍ ജല നിരപ്പ് ഉരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനമുണ്ട്. പമ്പയിലേക്കുള്ള വനപാതയിലൂടെയുള്ള ട്രക്കിങ്ങും നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്കും 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

Content Highlight: heavy rain; Red alert in four districts, holiday for educational institutions in five districts