എറണാകുളം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ച എറണാകുളം ജില്ലയില്‍ നടക്കാനിരുന്ന ക്വിയര്‍ പ്രൈഡ് റാലി മാറ്റി വെച്ചു. കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുകയും എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റാലി മാറ്റി വെച്ചത്.
ജില്ലാ ഭരണ കേന്ദ്രത്തില്‍ നിന്നും, ജില്ലാ പൊലീസ് മേധാവിയില്‍ നിന്നുമുള്ള നിര്‍ദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പും കണക്കിലെടുത്തുകൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര മാറ്റിവെച്ചതെന്ന് ക്വിയര്‍ പ്രൈഡ് കേരളം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
അതേസമയം ഇന്ന് കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഗതാഗതം താറുമാറായി. കോഴിക്കോട് മാവൂര്‍ റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഈരാറ്റുപേട്ട -പീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. പലയിടങ്ങളിലും വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.
ഇടുക്കിയില്‍ നാളെയും റെഡ് അലേര്‍ട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
DoolNewsVideo