| Saturday, 10th August 2019, 1:29 pm

കുലംകുത്തിയൊഴുകുന്ന പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; അതിജീവനത്തിന് അശ്രാന്ത പരിശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടപ്പാടി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയും അടക്കമുള്ളവരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു.

കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്. കനത്ത മഴയും കുത്തിയൊഴുകുന്ന പുഴയും ദുഷ്‌കരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.

മുരുകേശന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെയാണ് രക്ഷപെടുത്തിയത്. ലാവണ്യയെ പുഴ കടത്തുന്നത് വളരെ ദുഷ്‌കരമായിരുന്നു. അതിസാഹസികമായാണ് ഇവരെ ഇക്കരെ എത്തിച്ചത്. ഇരുകരകളില്‍നിന്നും കയര്‍ ബന്ധിച്ച് അതീവ സുരക്ഷിതയായാണ് ലാവണ്യയെ ഇക്കര എത്തിച്ചത്.

എട്ടുമാസം ഗര്‍ഭിണിയെ റോപ്പിലൂടെ പുഴ കടത്തിയാല്‍ ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായിരുന്നു. ആരോഗ്യവിദഗ്ധരടക്കം എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഭര്‍ത്താവിനെയും മാതാപിതാക്കളെയും പുഴക്കരികില്‍ നിര്‍ത്തിയിരുന്നു. മറുകരയിലെത്തിച്ചതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നല്‍കി. ഇക്കരെ എത്തിച്ച എല്ലാവരെയും ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അടിയന്തരപരിശോധനയ്ക്കു വിധേയമാക്കി. തുരുത്തിലുള്ളവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്.

കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില്‍ ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോവുകയായിരുന്നു. കോണാര്‍ വിഭാഗത്തില്‍പ്പെട്ട ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി വീട്ടിനുള്ളില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇവര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയിരുന്നു.

അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഇത്തരത്തില്‍ ഒട്ടേറെ ആളുകള്‍ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെയുണ്ടായിരുന്ന ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറുപേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിച്ചു.

കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് അനങ്ങമലയിലും പല്ലശനയിലും ഉരുള്‍പൊട്ടലുണ്ടായി. പാലക്കയത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഊരുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും തകര്‍ന്നു. വണ്ണാന്തറയിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നതോടെ മൂന്ന് ഊരുകളിലെ ജനങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

അട്ടപ്പാടിയില്‍ ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളില്‍ എത്താനാകുന്നില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തുന്നതില്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അട്ടപ്പാടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തിന് അറിയാത്ത അവസ്ഥയാണുള്ളത്.

മന്ത്രി എ.കെ ബാലനും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും അട്ടപ്പാടി മേഖലയിലേക്ക് എത്തുന്നുണ്ട്. അട്ടപ്പാടിയിലെ ഊരുകളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അട്ടപ്പാടി ചുരത്തില്‍ രാത്രി ഗതാഗതം നിരോധിച്ചു. ചുരത്തില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.കല്‍പ്പാത്തി പുഴയില്‍ കുടുങ്ങിയ വരെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. അട്ടപ്പാടി ചുണ്ടംകുളം ആദിവാസി ഊരില്‍ മരം വീണ് ഒരാള്‍ മരിച്ചു. കാഞ്ഞീപ്പുഴ ഇരുമ്പകച്ചോലയില്‍ ഉരുള്‍പൊട്ടി. ആലത്തൂര്‍, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി.

മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. ജില്ലയില്‍ പല സ്ഥലത്തും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ് അവസ്ഥിയാണിപ്പോള്‍.

അട്ടപ്പാടിയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മലമ്പുഴ ആനക്കല്ല്, സൈലന്റ് വാലി, മംഗലം ഡാം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. പുഴകളെല്ലാം നിറഞ്ഞ് കവിഞ്ഞ് ഒഴുക്കുകയാണ്. കല്‍പത്തി പുഴക്ക് നടുവിലെ മുരുകന്‍ ക്ഷേത്രത്തില്‍ കുടുങ്ങിയവരെ ഏറെ സഹസികമായി രക്ഷപെടുത്തി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more