മട വീണു; കുട്ടനാട്ടില്‍ വെള്ളം കയറുന്നു; ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളില്‍ 3000 പേര്‍
Heavy Rain
മട വീണു; കുട്ടനാട്ടില്‍ വെള്ളം കയറുന്നു; ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളില്‍ 3000 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 3:36 pm

ആലപ്പുഴ: കുട്ടനാട്ടില്‍ മട വീണതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കവും കൃഷിനാശവുമെന്ന് റിപ്പോര്‍ട്ട്. കൈനകരിയില്‍ നാനൂറിലധികം വീടുകളില്‍ വെള്ളം കയറിയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടനാട്ടില്‍ സ്ഥിതി ഗുരുതരമായതോടെ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയവരുടെ എണ്ണം മൂവായിരമായി.

കുട്ടനാട്ടില്‍ വീടുകളില്‍ വെള്ളം കയറിയ അവസ്ഥയിലാണ്. കൈനകരിയില്‍ കനകാശ്ശേരി പാടശേഖരത്തില്‍ മടവീണതിനെ തുടര്‍ന്നാണ് വലിയകരി, മീനപ്പള്ളി പാടങ്ങള്‍ നിറഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെയാണ് വീടുകള്‍ മുങ്ങിയത്.

ഇവരെ ബോട്ട് മാര്‍ഗം ആലപ്പുഴ നഗരത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. മന്ത്രി തോമസ് ഐസക്കും കലക്ടര്‍ അദീല അബ്ദുല്ലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തിയിരുന്നു.

കുട്ടനാട്ടില്‍ 550 ഏക്കറോളം കൃഷി നശിച്ചെന്നാണ് പ്രാഥമിക വിവരം. പല പാടങ്ങളും മടവീഴ്ച്ച ഭീഷണിയിലുമാണ് ആണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവും കുട്ടനാടിനെ ദുരിതത്തിലാഴ്ത്തിയിരുന്നു.

അതേസമയം, മലബാര്‍ ഭാഗത്ത് ഇന്ന് മഴ കുറവാണ് അനുഭവപ്പെടുന്നത്. വെള്ളം കയറിയ ഭാഗങ്ങളില്‍നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. രണ്ടുദിവസം കൂടി ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.