തിരുവനന്തപുരം: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം. ജില്ലയില്‍ നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിയിട്ട കാര്‍ ഒഴുകി പോയി ഒരാള്‍ മരിച്ചു.
പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്.
വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി ഒരാള്‍ മരിച്ചു. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തെരച്ചില്‍ തുടരുകയാണ്.
പീരുമേട്, വണ്ടിപെരിയാര്‍, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതോടെ നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മുന്നാറിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയിരിക്കുകയാണ്.
അതേസമയം ഭൂതത്താന്‍ കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇടുക്കി പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് ഉയര്‍ത്തും. കട്ടപ്പന-കുട്ടിക്കാനം, കുട്ടിക്കാനം,-കുമളി, കട്ടപ്പന-ഇടുക്കി റോഡുകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു വീണു.
കഴിഞ്ഞ ദിവസം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.
പത്താം തീയതി വരെ കേരളത്തില്‍ അതി ശക്തമായ മഴ ലഭിക്കുമെന്നാണ് സൂചന. കേരള തീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക