തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മഴ തുടരുന്നതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം.
ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടുക്കി-എറണാകുളം റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. മൂന്നാറില്‍ വെള്ളപ്പൊക്കമാണെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു.
അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും വൈദുതി ബന്ധം തകരാറിലായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.