ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് മന്ത്രി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് മന്ത്രി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 9:59 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ തന്നെ പകലേ തുറക്കൂവെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.  രാവിലെ 10 മണിക്കാണ് യോഗം ചേരുക. മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി, പമ്പ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.

അതേസമയം കക്കി, ഷോളയാര്‍ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്.

അതിന് ശേഷം ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി.

കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പറമ്പിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ടാണ്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് 169 മീറ്റര്‍ എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റിന് മുകളിലാണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുളള ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Heavy rain Kerala Flood and Dam Open Issue