വയനാട്ടില്‍ ദുരിതപ്പെയ്ത്ത്; ഒരു മരണം; വീടുകള്‍ ഒറ്റപ്പെട്ടു; വ്യാപക കൃഷിനാശം
കല്‍പറ്റ: വയനാട്ടില്‍ മൂന്നുദിവസമായി പെയ്യുന്ന മഴ തുടരുകയാണ്. കനത്ത മഴയില്‍ പലസ്ഥലങ്ങളിലും വെള്ളപ്പൊക്കം. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക കൃഷിനാശമെന്നാണ് റിപ്പോര്‍ട്ട്. പലസ്ഥലങ്ങളിലും ബുധനാഴ്ച മുതല്‍ വൈദ്യുതിയില്ല.
ജില്ലയില്‍ വെള്ളപ്പൊക്ക ഭാഗങ്ങളിലെ വീടുകളില്‍നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്നു പുലര്‍ച്ചയോടെ ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. അഞ്ഞൂറോളം പേരെ ക്യാംപുകളിലേക്ക് മാറ്റി.
അതിനിടെ വെള്ളം കയറിയ വീട്ടില്‍നിന്നു സുരക്ഷിതകേന്ദ്രത്തിലേക്കു മാറുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണു മരിച്ചത്. കുഴഞ്ഞുവീണ മുത്തുവിനെ രക്ഷാപ്രവര്‍ത്തകര്‍ പനമരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കല്‍പറ്റയുടെ സമീപപ്രദേശങ്ങളില്‍ പലഭാഗങ്ങളും ഒറ്റപ്പെട്ടു. ഇവിടെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്.
മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.
ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയതുമീലം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.