| Thursday, 15th August 2024, 4:33 pm

സംസ്ഥാനത്ത് അതിശക്തമഴ; കോഴിക്കോടും വയനാട്ടിലും ഓറഞ്ച് അലേർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്ത മഴക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലും വായനാട് ജില്ലയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും. വെളളിയാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതായും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204 .4 mm വരെ മഴ ലഭിച്ചേക്കും. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തവും നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഓഗസ്റ്റ് 18 വരെ ലക്ഷദ്വീപ് തീരത്തും അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

ശക്തവുമായ കടലാക്രമണം ശക്തമാകാൻ സാധ്യത ഉള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കാനും നിർദേശം ഉണ്ട്.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ദുരന്ത സാധ്യത മേഖലയിൽ ഉള്ളവർ ഒരു എമർജൻസി കിറ്റ് തയാറാക്കി വെക്കേണ്ടതാണ്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ കൂട്ടം കൂടി നിൽക്കുകയോ സെൽഫി എടുക്കാൻ പാടുള്ളതോ അല്ല.

അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്നവർ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശമനുസരിച്ച് മാറി താമസിക്കാൻ തയ്യാറാവുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായും ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Content Highlight: Heavy rain in the state; Orange alert in Kozhikode and Wayanad

We use cookies to give you the best possible experience. Learn more