ഹൈദരാബാദ്: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 33 പേര്‍ (തെലങ്കാന-16, ആന്ധ്രപ്രദേശ്-17) മരണപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട്. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കമാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് ഇ.ടി.വി.ഭാരത് റിപ്പോര്‍ട്ട് ചെയ്തു.
ആന്ധ്രപ്രദേശില്‍ മാത്രം 4.15 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 163 ദുരിതാശ്വാസ ക്യാമ്പുകളിലായി 43,417 പേരെ മാറ്റിപാര്‍പ്പിച്ചു.
തെലങ്കാനയില്‍ ജയശങ്കര്‍ ഭൂപ്പാലപ്പള്ളി, കൊമാര ഭീം, മഞ്ചേരിയില്‍, മുലുഗു എന്നീ പ്രദേശങ്ങളില്‍ ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിശാഖപട്ടണത്ത് നിന്നുള്ള ഇന്ത്യന്‍ വ്യോമസേനയുടെ യൂണിറ്റ് ഇന്നലെ എത്തിച്ചേര്‍ന്നിരുന്നു. സെപ്റ്റംബര്‍ ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവര്‍ കഴിഞ്ഞ ദിവസം ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു.
ഇരുസംസ്ഥാനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചു.
ശക്തമായ മഴയില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായും വഴിതിരിച്ച് വിട്ടതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുമ്പ് ആന്ധ്രാപ്രദേശ് ഭരിച്ചിരുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം ഒരു ദുരന്തത്തിന് പിന്നിലെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രി പവന്‍ കല്ല്യാണ്‍ രംഗത്തെത്തി.