പേമാരിയില്‍ വലഞ്ഞ് ഉത്തരേന്ത്യ; ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; ദല്‍ഹിയിലും വെള്ളപ്പൊക്കം, വീഡിയോ
national news
പേമാരിയില്‍ വലഞ്ഞ് ഉത്തരേന്ത്യ; ഹിമാചല്‍ പ്രദേശില്‍ മിന്നല്‍പ്രളയം; ദല്‍ഹിയിലും വെള്ളപ്പൊക്കം, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2023, 4:47 pm

ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും മിന്നല്‍ പ്രളയങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ദല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടത്തും ഓറഞ്ച്, റെഡ് അലര്‍ട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലായി വീട് തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മണാലിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിടിച്ചില്‍, പ്രളയഭീതിയെ തുടര്‍ന്ന് ചെറുതും വലുതുമായ 250ഓളം റോഡുകള്‍ അടച്ചിട്ടുണ്ട്.


സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബീസ് നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം ഒലിച്ചുപോയി. ദേശീയപാതകളും മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇതോടെ മേഖലയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

ദല്‍ഹിയില്‍ കഴിഞ്ഞ 41 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന പെരുമഴയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 150 മില്ലീമീറ്റര്‍ വരെ മഴയാണ് ലഭിച്ചതെന്ന് മന്ത്രി അദിഷി എ.എന്‍.ഐയോട് പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലാണ്.

കരോള്‍ബാഗില്‍ മതിലിടിഞ്ഞ് വീട് ഒരു സ്ത്രീ മരിച്ചതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പും അപകടകരമായ നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്ത പേമാരിക്ക് പിന്നാലെ നിരവധി റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങി. ജമ്മു കശ്മീരിലെ ഗാണ്ടോയിലെ ബാങ്രൂവില്‍ സ്വകാര്യ ബസിന് മേലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.

ഇന്നലെ പൂഞ്ച് ജില്ലയിലെ പോഷാന നദി മുറിച്ചുകടക്കുന്നതിനിടെ രണ്ട് സൈനികര്‍ ഒഴുകിപ്പോയിരുന്നു. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലേ-ശ്രീനഗര്‍-കാര്‍ഗില്‍ ദേശീയപാത അടച്ചു.

ഉത്തരാഖണ്ഡിലെ ബദ്‌രീനാഥ് ദേശീയപാത ഒമ്പതില്‍ ചിങ്കയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്പാവത് കൂമയൂണ്‍ മേഖലയില്‍ റോഡ് അടച്ചിട്ടുണ്ട്.

Content Highlights: Heavy rain in northern states, flash flood alert in himachal pradesh