മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളപ്പൊക്കം. മൂന്നുദിവസത്തലേറെയായി പെയ്യുന്ന മഴ ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിലമ്പൂരില്‍ ഭാഗം വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. കെട്ടിടങ്ങളുടെ എല്ലാം ആദ്യ നില ഏകദേശം വെള്ളത്തിനടിയിലായി. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പല വീടുകളും വെള്ളത്തില്‍ മുങ്ങി.
വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. ഇതിനെതുടര്‍ന്നാണ് നിലമ്പൂരില്‍ വെള്ളമുയര്‍ന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.
കനത്ത മഴയില്‍ ഇടുക്കിയിലും വ്യാപക മണ്ണിടിച്ചില്‍. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിളും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കനഗറില്‍ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്.
അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും വൈദുതി ബന്ധം തകരാറിലായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.
കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. റവന്യൂമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
മഴക്കെടുതിയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട്ടിലെ പനമരത്ത് വെള്ളം കയറിയ വീടില്‍ നിന്നും ഒഴിയുന്നതിനിടെ മുത്തു എന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.
അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു. കണ്ണൂര്‍ കൊട്ടിയൂരില്‍ ചുഴലിക്കാറ്റും ഉരുല്‍ പൊട്ടലും ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ടൗണില്‍ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. വയനാട് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.