| Wednesday, 18th July 2018, 8:42 am

കോട്ടയത്ത് ദുരിതപ്പെയ്ത്ത് കനത്തുതന്നെ: 10 ട്രെയിനുകള്‍ റദ്ദാക്കി, ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലയില്‍ തീവ്രത കുറയാതെ മഴ ശക്തമായി തുടരുന്നു. മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള 10 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, എറണാകുളം-കോട്ടയം, കോട്ടയംഎറണാകുളം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസുകളുമാണ് റദ്ദാക്കിയത്.

മറ്റു ട്രെയിനുകള്‍ വേഗം കുറച്ച് ഓടുകയാണ്. രാത്രിപെയ്ത കനത്ത മഴയില്‍ മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.


Read:  പൊലീസ് ഡ്രൈവര്‍ക്ക് മകളുടെ മര്‍ദനം: എ.ഡി.ജി.പി സുദേഷ് കുമാറിന് പുതിയ നിയമനം


നിലവില്‍ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി 2300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയിലെ മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം ആറായി. മുണ്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ അടൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അതേസമയം, ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.


Read:  സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ്


തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്ലസ് ടു വരെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

We use cookies to give you the best possible experience. Learn more