സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. തമിഴ്‌നാട് നീരോടി സ്വദേശികളെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷടപെട്ടു. തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്.
കൊല്ലം ആലപ്പാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. എറണാകുളം ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്ന് തീരം ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
പത്തനംതിട്ട പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി ജില്ലയിലെ പാബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
മഴക്കെടുതി മൂലം കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താഴെ തെരുവില്‍ 12 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് കടന്തറപ്പുഴ കരകവിഞ്ഞ് ഒഴുകി. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ജൂലൈ 20ന് കാസര്‍ഗോഡ്, ജൂലൈ 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.