| Sunday, 29th November 2020, 8:21 am

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓഖിക്ക് സമാനമായ ചുഴലികാറ്റ് ആവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച മുതല്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയും ഇത് പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങി തമിഴ്‌നാട് തീരവും കടന്ന് കേരളത്തിലേക്കും തുടര്‍ന്ന് അറബിക്കടലിലും എത്തുമെന്നാണ് സൂചനകള്‍.

ഓഖി ചുഴലികാറ്റിന് സമാനമായ രീതിയില്‍ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചത്.

ഇത്തരത്തില്‍ ചുഴലികാറ്റായി മാറുകയാണെങ്കില്‍ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. മാലി ദ്വീപ് ആണ് ഈ പ്രാവശ്യം ചുഴലികാറ്റിന് പേരിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്.

ഇതിന് പുറമെ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു.

ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  heavy rain in Kerala; Warning for a hurricane similar to Okhi Cyclone : Burevi

We use cookies to give you the best possible experience. Learn more