കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി; മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
Kerala News
കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി; മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 8:31 am

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു.

കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനുമിടയില്‍ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. തുറവൂരിനും മാരാരിക്കുളത്തിനും ഇടയിലാണ് മരം വീണത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. ജനശതാബ്ദി, കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.

മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്സുകള്‍ വൈകിയോടി. തിരുവനന്തപുരം ചിറയന്‍കീഴില്‍ മാവേലി എക്‌സ്പ്രസിന് മുകളില്‍ മരം വീണ് ലോക്കോ ഗ്ലാസ് തകര്‍ന്നു. മരത്തിന്റ ശിഖരം OHE ലൈനില്‍ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. ലോക്കോ പൈലറ്റിനു പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്‌സ്പ്രസ്സുകള്‍ മൂന്നു മണിക്കൂര്‍ വൈകിയോടി. എറണാകുളം-കായംകുളം, കായംകുളം-എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി.

മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. മുംബൈ – കന്യാകുമാരി ജയന്തി ജനതാ, പൂനെ- എറണാകുളം, മുംബൈ- നാഗര്‍കോവില്‍, ലോകമാന്യതിലക് – തിരുവനന്തപുരം എക്‌സ്പ്രസുകള്‍ റദ്ദാക്കി.

നാളെ പുറപ്പെടേണ്ട എറണാകുളം പൂനെ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി – നിസാമുദ്ദീന്‍ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്‌സ്പ്രസ് പത്ത് മണിക്കൂര്‍ വൈകി ഇന്ന് രാവിലെ പുറപ്പെടും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.