തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടയിലായി. നിരവധി വീടുകളിലും വെള്ളം കയറി.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കല്‍പറ്റ പുത്തൂര്‍ വയലില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
എറണാകുളം-ആലപ്പുഴ റൂട്ടില്‍ തുറവൂരിനും മാരാരിക്കുളത്തിനും ഇടയില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, കൊച്ചുവേളി-ബെംഗളൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.
തിരുവനന്തപുരത്ത് കനത്തകാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി, ചിറയിന്‍കീഴിന് സമീപം മാവേലി എക്‌സ്പ്രസിന് മുകളില്‍ മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ലോക്കോപൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തു.
പാലക്കാട്ടെ അട്ടപ്പാടി, ഷോളയൂര്‍, അഗളി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. മൂന്നാറിലും കാലവര്‍ഷം ശക്തമാണ്. മഴ കനത്തതോടെ കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് ശക്തമായി.