കനത്തമഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ മരണം 15 ആയി, ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടി, ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നു
Heavy Rain
കനത്തമഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ മരണം 15 ആയി, ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടി, ഭാരതപ്പുഴയില്‍ ജലനിരപ്പുയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 8:34 am

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് നാലു പേര്‍ മരിച്ചു. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത്, ശനില്‍ എന്നിവരാണ് മരിച്ചത്.

കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍ മുഹമ്മദ്ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 15 ആയി. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. മൂന്നുവീടുകള്‍ മണ്ണിനടിയിലായി. കണ്ണവം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന.

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടാമ്പിപാലത്തില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം നിരോധിച്ചു. മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്.

ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി. പാലായില്‍ വെള്ളം കയറി. നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും പാലക്കാട് അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. കരിമ്പയില്‍ ഉരുള്‍പൊട്ടി. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു. റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു.

ട്രാക്കില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മഞ്ഞുമ്മല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയിടുന്നു. വയനാട് മേപ്പാടി ചൂരല്‍മലയില്‍ വന്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ സജീവമായി. ഒരു മൃതദേഹം കണ്ടെത്തി. 50ല്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.