| Tuesday, 23rd April 2019, 5:51 pm

കനത്ത മഴയില്‍ കാസര്‍ഗോഡ് വോട്ടിംഗ് മെഷിനും വിവിപാറ്റും നനഞ്ഞു; വോട്ടിംഗ് നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍ഗോഡ് ബിരിക്കുളത്ത് വോട്ടിംഗ് മെഷിനും വിവിപാറ്റും നനഞ്ഞു. മഴയെയും കാറ്റിനെയും തുടര്‍ന്ന് പോളിംഗ് ബൂത്തിന്റെ മേല്‍ക്കൂര പറന്ന് പോയതിനെ തുടര്‍ന്നാണ് വോട്ടിംഗ് ഉപകരണങ്ങള്‍ നനഞ്ഞത്.

ബിരികുളം എ.യു.പി സ്‌ക്കൂളില്‍ ഒരുക്കിയ 180,181 ബൂത്തുകളിലെ ഉപകരണങ്ങളാണ് നനഞ്ഞത്. സ്‌ക്കൂള്‍ കെട്ടിടത്തിനും നാശനഷ്ടമുണ്ടായി. വോട്ടിംഗ് മെഷിന്‍ നനഞ്ഞതിനെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

വോട്ടെടുപ്പിനിടെ ഇന്ന് കേരളത്തിലും യു.പിയിലും ബീഹാറിലും ഗോവയിലും യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്നായിരുന്നു യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നത്. ചേര്‍ത്തലയില്‍ മോക്ക് പോളിനിടെ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പിയ്ക്കാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഗോവയില്‍ മോക്ക് പോളിനിടെ ആറ് വോട്ട് കിട്ടേണ്ട സ്ഥാനത്ത് ബി.ജെ.പിയ്ക്ക് 17 വോട്ടുകള്‍ കിട്ടിയതായി ഗോവ എ.എ.പി കണ്‍വീനര്‍ എല്‍വിസ് ഗോമസ് ട്വീറ്റ് ചെയ്തിരുന്നു.
DoolNews Video

 

We use cookies to give you the best possible experience. Learn more