കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തെക്കൻ കേരളത്തിൽ പലയിടത്തും മധ്യകേരളത്തിലും കനത്ത മഴ. മഴ രൂക്ഷമായതിനെത്തുടർന്നു മൂന്നാറിലെ വട്ടവടയിൽ പഴത്തോട്ടത്ത് ഉരുൾപൊട്ടുകയും രണ്ടു കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ഇടുക്കിയിലും ഇപ്പോൾ കനത്ത മഴയായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഴയെത്തുടർന്ന് ഇടുക്കിയിലെ പെരിയാവാര പാലം പൂർണ്ണമായും തകർന്നു. മറയൂരിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
അതേസമയം തന്നെ മാട്ടുപ്പെട്ടി ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടാവുകയും വട്ടവട ടോപ് സ്റ്റേഷന് സമീപമുള്ള റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഴ കനത്തതിനെത്തുടർന്നു മുതിരപ്പുഴയാർ കരകവിഞ്ഞു പഴയ മൂന്നാറിൽ വെള്ളം കയറി. പ്രളയകാലത്ത് അടിമാലി പന്നിയാർകുട്ടിയിൽ ഉണ്ടായ മണ്ണിടിച്ചിലിലെ ചളിയും വെള്ളവും റോഡിലേക്ക് ഒഴുകിയിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയിൽ തോടുകൾ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി.
എറണാകുളം ജില്ലയിൽ കനത്ത നാശനഷ്ടം ഉണ്ടായി. എറണാകുളത്തുനിന്നും മൂവാറ്റുപുഴക്ക് പോകുന്ന റോഡിൽ മരങ്ങൾ കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എസ്. വരവിൽ വ്യാപാര സ്ഥാപനത്തിന്റെ ഷെഡ്ഡ് മഴയിൽ തകർന്നുവീണു. കൊച്ചിയുടെ നഗരഭാഗങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. അതുമൂലം ഗതാഗതതടസ്സം ഇവിടങ്ങളിൽ ഇരട്ടിയായിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ രൂക്ഷമായ മഴക്ക് സാധ്യതയുള്ളതിനാൽ സർക്കാർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൽസ്യത്തൊഴിലാളികൾ ഈ മാസം മുപ്പത് വരെ കടലിൽ പോകരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കടലിൽ പോയവർ എത്രയും പെട്ടെന്ന് തിരികെയെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം പരുങ്ങലിലാണ്. എല്ലാ ജില്ലാ ഓഫീസുകളിലും ഇന്ന് കണ്ട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കും.