തൊടുപുഴ: ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്കു തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാനുള്ള തീരുമാനമെടുത്തത്.
ഉച്ചയ്ക്ക് 2 മണിക്ക് ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. സെക്കന്റില്‍ 40,000 ലിറ്റര്‍ വെള്ളമായിരിക്കും ഒഴുക്കി വിടുക. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ഇടുക്കി ഡാം മാത്രമാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ തമിഴ്നാടും ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നതോടെ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമില്‍ നിന്നും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘന അടിയായി ഉയര്‍ത്തിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.
അതേസമയം, റെഡ് അലര്‍ട്ട് ലെവലിലെത്തിയ ശേഷം മാത്രം ഇടുക്കി ഡാം തുറന്നാല്‍ മതിയെന്നായിരുന്നു കെ.എസ്.ഇ.ബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ആവശ്യമെങ്കില്‍ മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കണമെന്ന് തീരുമാനമെടുത്തത്.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ ഒരു ലക്ഷം വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ കളക്ടര്‍ ഇന്നലെത്തന്നെ അനുമതി നല്‍കിയിരുന്നു.