കോട്ടയം:ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് കലക്ടര്‍ ഡോ. ബി. എസ്.തിരുമേനിയുടെ കര്‍ശന നിദേശം. വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അതിശക്തമായ ഒഴുക്കുളള സമയമാണെന്നും ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദര്‍ശനവും ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
Read Also : തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ…നിങ്ങളിനി ഇവിടെ നില്‍ക്ക്; മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടുകള്‍ കൃഷിയിടത്തിലെ നോക്കുകുത്തിയാക്കി കര്‍ഷകര്‍
ഇന്ന് മഴ ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചത് കോട്ടയം ജില്ലയിലാണ്. മലവെള്ളപ്പാച്ചിലില്‍ ആറുകള്‍ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം നഗരവും സമീപപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പേമാരിയില്‍ മീനച്ചിലാര്‍ കോട്ടയം നഗരത്തെയും ഗ്രാമങ്ങളെയും മുക്കി. കയ്യില്‍ കിട്ടിയതെല്ലാം വാരികൂട്ടിയാണ് നാട്ടുകാരുടെ പലായനം.
മീനച്ചിലാറില്‍ ജലനിരപ്പ് അപകട നിലയ്ക്കും മുകളിലേക്ക് ഉയര്‍ന്നത് കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ട്രെയിനുകള്‍ വേഗം കുറച്ചാണ് ഓടുന്നത്. മീനച്ചിലാറിന് കുറുകെയുളള പാലങ്ങളുടെ സുരക്ഷാപരിശോധന നടത്തിയശേഷമാണ് ഒരോ ട്രെയിനും കടത്തിവിടുന്നത്. ഇതോടെ കോട്ടയം വഴിയുളള ട്രെയിനുകള്‍ വൈകുന്നുണ്ട്.
മധ്യകേരളത്തില്‍ ശക്തമായ മഴതുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ആറ് പേര്‍മഴക്കെടുതിയില്‍ മരിച്ചു. 29 വീടുകള്‍ പൂര്‍ണ്ണമായും 436 എണ്ണം ഭാഗികമായും തകര്‍ന്നു. 27721 പേര്‍ 229 ദുരിതാശ്വസ ക്യാമ്പുകളിലുണ്ട്. ഇടുക്കി കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാണ്. നദികളിലെയും നീര്‍ച്ചാലുകളിലെയും നീരൊഴുക്ക് വര്‍ധിച്ചതാണ് കാരണം.
മൂന്നാറില്‍ ഒന്‍പത്, പീരുമേടും കൊടുങ്ങല്ലൂരും എട്ട്, പെരുമ്പാവൂരും പിറവത്തും ഏഴ് സെന്റിമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. ശനിയാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതി തീവ്രമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.