| Monday, 3rd August 2020, 12:35 pm

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓഗസ്റ്റില്‍ കനത്ത മഴയെന്ന് 'തമിഴ്‌നാട് വെതര്‍മാന്‍'; പ്രളയ ബാധിത പ്രദേശങ്ങളിലും ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ശക്തമായ കാലവര്‍ഷമായിരിക്കുമെന്ന് ‘തമിഴ്‌നാട് വെതര്‍മാന്‍’ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കനത്ത മഴലഭിച്ച പ്രദേശങ്ങളായ ഇടുക്കി, വയനാട്, കൊടക്, ചിക്മാംഗലൂര്‍, മലപ്പുറം, തൃശ്ശൂര്‍, വാല്‍പാറ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇതുവരെ മഴ കുറവാണെങ്കിലും ഓഗസ്റ്റ് മാസത്തോടെ മഴ കനക്കുമെന്നാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍ തന്റെ കാലാവസ്ഥാ വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

നാളെ മുതല്‍ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണം. ആഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരിക്കും ലഭിക്കുകയെന്നും സൈറ്റില്‍ പറയുന്നു.

തീരപ്രദേശങ്ങളില്‍ മഴലഭിക്കുമെങ്കിലും ഇത്തവണ, പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രദേശങ്ങളിലായിരിക്കും അധിക മഴ ലഭിക്കുകയെന്നും വെതര്‍മന്‍ പറയുന്നു.

ഇടുക്കി ജില്ലയിലെ പീരുമേട്, തൊടുപുഴ, പാംബ്ല അണക്കെട്ട്, പൊന്‍മുടി തുടങ്ങിയ പ്രദേശങ്ങള്‍, മലപ്പുറത്തെ നിലമ്പൂര്‍, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കക്കയം, വയാനാട് ജില്ലയിലെ താരിയോട്, വൈത്തിരി, പാടിഞ്ഞാറത്തറ; തൃശ്ശൂരിലെ ലോവര്‍ ഷോളയാര്‍ പൊരിങ്ങളത്ത്, കക്കി ഡാം; എറണാകുളത്തെ നേരിയമംഗലം, പിറവം എന്നീ പ്രദേശങ്ങളിലായിരിക്കും കനത്ത മഴലഭിക്കുക. വെതര്‍മാന്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം ബാധിച്ച് പ്രദേശങ്ങളും ഇതില്‍പ്പെടുന്നുണ്ട്.

ആദ്യത്തെ ന്യൂനമര്‍ദ്ദം ഉത്തര തീരത്ത് രൂപം കൊള്ളുന്നെന്നും ഇതിനെ പിന്തുടര്‍ന്ന് അടുത്ത ന്യൂന മര്‍ദ്ദം ഓഗസ്റ്റ് രണ്ടാം വാരത്തില്‍ രൂപം കൊള്ളുമെന്നും വെതര്‍മാന്‍ വ്യക്തമാക്കുന്നു.

ഒരു ന്യൂനമര്‍ദ്ദമുണ്ടായി അത് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഓഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അറബിക്കടലിലെ മണ്‍സൂണ്‍ കാറ്റിനെ ഉത്തേജിപ്പിക്കുന്നുവെന്നും ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും പറയുന്നു.

ആദ്യത്തെ ന്യൂന മര്‍ദ്ദം ഓഗസ്റ്റ് 8,9 തീയതികളോടെ അവസാനിക്കുമെന്നും അടുത്തത് ഉടന്‍ തന്നെ രൂപപ്പെടുമെന്നുമാണ് വെതര്‍മാന്‍ പറയുന്നത്.

തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍ തമിഴ്‌നാട്ടിലെ വിദഗ്ധ കാലാവസ്ഥാ ബ്ലോഗറാണ്. മണ്‍സൂണ്‍ കാലാവസ്ഥയില്‍ തമിഴനാട്ടില്‍ ആളുകള്‍ പ്രധാനമായും പിന്തുടരുന്നത് തമിഴ്‌നാട് വെതര്‍മാന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടുകളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more