| Sunday, 14th November 2021, 6:44 pm

മഴ തുടരും: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടിരിന്നു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്നും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ സജ്ജമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കണം. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസും ഫയര്‍ ഫോഴ്സും സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്യാമ്പുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്പോട്ട് ബുക്കിംഗ് നിര്‍ത്താനാണ് യോഗത്തിന്റെ തീരുമാനം. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണം.

മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരും. അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുതെന്നും യോഗത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, എ. കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവരും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസ്, ഫയര്‍ഫോഴ്സ് മേധാവികളും, വിവിധ സേനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Heavy Rain, Extreme caution for next 3 days

We use cookies to give you the best possible experience. Learn more