അഹമ്മദാബാദ്: ശക്തമായ മഴ തുടരുന്ന ഗുജറാത്തില്‍ ഇതുവരെയായി 22 മരണം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് സൗരാഷ്ട്ര, മധ്യ ഗുജറാത്ത് ഭാഗത്താണ് മഴ കൂടുതല്‍ നാശം വിതച്ചത്. മഴയില്‍ മതിലിടിഞ്ഞും കെട്ടിടം തകര്‍ന്നും 16 പേരാണ് മരിച്ചത്.
മധ്യപ്രദേശില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളും അവരുടെ കുടുംബവും ഉള്‍പ്പടെ എട്ട് പേരും രണ്ട് കുട്ടികളുമാണ് മതിലിടിഞ്ഞ് മരിച്ചത്. ഗുജറാത്ത് ഖേദാ ജില്ലയില്‍ കെട്ടിടം തകര്‍ന്ന് ഒരു വയസ്സുള്ള കുട്ടിയടക്കം നാല് പേരും മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദക്ഷിണ ഗുജറാത്തില്‍ ശരാശരി വാര്‍ഷിക മഴയുടെ 98.31 ശതമാനം ഇതുവരെ ലഭിച്ചതായും ഡാമുകളില്‍ 60 ശതമാനം വരെ വെള്ളം നിറഞ്ഞതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ വരള്‍ച്ചാ പ്രദേശങ്ങളില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. 6,000ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. രണ്ടു സംസ്ഥാനങ്ങളിലുമായി നാലു ദിവസത്തിനിടെ 142 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാലു ദിവസങ്ങളിലായി കേരളത്തില്‍ തുടരുന്ന മഴയിലും ഉരുള്‍പൊട്ടലിലും 70 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറ, പുത്തുമല, കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനടയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.