സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala News
സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2022, 6:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം, മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്ന് പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് രാത്രി തെക്കന്‍, മധ്യ കേരളത്തിലെ മലയോരമേഖലകളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും. പുലര്‍ച്ചയോടെ വടക്കന്‍ കേരളത്തിലെ മലയോരമേഖലകളിലേക്ക് മഴ മാറിയേക്കും. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ അതിജാഗ്രത വേണം. തുടര്‍ച്ചയായ ഉരുള്‍പ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെയും ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നത് 23 വീടുകള്‍ ആണ്. 71 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയില്‍ 126 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് തൃശ്ശൂരില്‍ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് ഏനാംമാക്കലിലാണ്. വെറ്റിലപ്പാറ, മതിലകം എന്നിവിടങ്ങളിലും കൂടുതല്‍ മഴ ലഭിച്ചു.

Content Highlight: Heavy rain continues in kerala; flood warning