| Sunday, 11th August 2019, 1:09 pm

ക്യാമ്പിനകത്ത് ചുമതലയില്ലാതെ കടക്കേണ്ട; പ്രത്യേക ചിഹ്നങ്ങളുമായി പ്രവേശിക്കരുത്; സാമൂഹ്യവിരുദ്ധര്‍ പടിക്ക് പുറത്തെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പിനകത്തേക്ക് പ്രത്യേക അടയാളങ്ങളുമായി കടക്കാന്‍ പാടില്ല. അനാവശ്യമായ അന്തരീക്ഷം ക്യാമ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട ചുമതല പൊലീസിനാണ്. ക്യാമ്പുകളുടെ ചുമതല റവന്യൂ വകുപ്പിനും. അവിടെയുള്ള സഹായങ്ങളൊരുക്കുന്നതിന് തദ്ദേശ സ്വയംഭരണം വകുപ്പിനും ചുമതലയുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലുമൊരു ക്യാമ്പില്‍ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാല്‍ മതി. അവിടുന്ന് അത് ആവശ്യമായ സ്ഥലങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ക്യാമ്പുകളില്‍ ഉണ്ടാകുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന് കഴിയണം. ദുരിതാശ്വാസ ക്യാംപിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാംപ് സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ, ‘കവളപ്പാറയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസേനയും അഗ്നിശമനസേനയുമെല്ലാം രംഗത്തുണ്ട്. അവിടെ ഇന്നലെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയുണ്ടായി. അവിടെ തുടര്‍ന്നും ഉരുള്‍പൊട്ടി.

അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞു. മലപ്പുറം ജില്ലയില്‍മാത്രം കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്. മലപ്പുറം വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേയുടെ ഒരു ടീമുമുണ്ട്.

മലപ്പുറത്ത് മഴയ്ക്കും പുഴകളിലെ വെള്ളത്തിനും കുറവുണ്ട്. 12 അടി കനത്തിലാണ് മണ്ണ്. മഴ പെയ്തതോടെ ഇത് ചെളിയായി മാറിയിരിക്കുകായണ്. രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇതാണ്. മണ്ണിനടിയില്‍പെട്ടവരെ പുറത്തെടുക്കുന്നതിന് ഇത് തടസമായി മാറുകയാണ്. മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ തുടരുകയാണ്. പുത്തമല ഭാഗത്താണ് വയനാട്ടിലെ ഏറ്റവും ദാരുണമായ ഉരുള്‍പൊട്ടലും നാശനഷ്ടവും. എട്ടുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഉരുള്‍പൊട്ടിയ ഈ പ്രദേശത്തിന്റെ മറുവശത്ത് 2000 ത്തിനും 3000 ത്തിനും ഇടയില്‍ ആളുകള്‍ താമസമുണ്ടായിരുന്നു. ഇവിടെ 70 ശതമാനം ആളുകളെ അതിസാഹസികമായി മാറ്റിപ്പാര്‍പ്പിച്ചു. റാണിമലയില്‍ ഒറ്റപ്പെട്ട 60 പേരെ വനത്തിലൂടെ പത്തുകിലോമീറ്ററോളം സഞ്ചരിച്ച് മറുകരയ്‌ക്കെത്തിച്ചു. അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ക്യാമ്പും ആരംഭിച്ചു. ബാണാസുര സാഗര്‍ തുറന്നപ്പോള്‍ ശ്രദ്ധേയമായി ഇടപെടാന്‍ സാധിച്ചു. വയനാട്ടില്‍ ഇന്നത്തെ കാലാവസ്ഥ ആശ്വാസകരമാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയം 1924ന് ശേഷമുള്ള മഹാപ്രളയമായിട്ടാണ് നാം കണ്ടത്. അതിന്റെ ഭാഗമായി സംഭവിച്ച തകര്‍ച്ച പരിഹരിക്കാനും പുനര്‍നിര്‍മ്മിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികമായ സവിശേഷതകള്‍ക്കൂടി പരിഗണിച്ചുകൊണ്ട് നടക്കുന്ന ഘട്ടമാണ് ഇത്. അപ്പോഴാണ് വീണ്ടും കനത്ത മഴയുണ്ടായത്. കഴിഞ്ഞ പ്രളയത്തില്‍നിന്നുള്ള വ്യത്യാസം സംസ്ഥാനത്താകെ ബാധിച്ചില്ല എന്നതാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ഇത്തവണ ദുരിതമുണ്ടായത്. വെള്ളം കയറിയുള്ള ദുരന്തത്തെക്കാള്‍ ഉരുള്‍പ്പൊട്ടലാണ് ആഘാതം സൃഷ്ടിച്ചത്. ഉരുള്‍പ്പൊട്ടലിലൂടെയാണ് മരണസംഖ്യ വര്‍ദ്ധിച്ചത്.’

മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷോളയാര്‍ ഡാം തുറന്നാല്‍ ചാലക്കുടി പുഴയോരത്ത് ജാഗ്രത വേണം. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more