| Friday, 10th August 2018, 8:40 am

ദുരന്തപ്പെയ്ത്തില്‍ പൊലിഞ്ഞത് 26 ജീവനുകള്‍: അഞ്ചു ജില്ലകളില്‍ ഉരുള്‍പ്പൊട്ടി, 24 അണക്കെട്ടുകള്‍ തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഴക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും കേരളത്തില്‍ മരിച്ചത് 26 പേര്‍. കാണാതായ നാലുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ ഉരുള്‍പ്പൊട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.

നാലിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 11 പേര്‍ മരിച്ചു. ഏഴുപേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. കാളികാവ്, കരുവാരക്കുണ്ട് വനമേഖലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ ചാലിയാറില്‍ മൂന്നു മീറ്ററോളം ജലനിരപ്പ് ഉര്‍ന്നു. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

Read: ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു: കനത്ത ജാഗ്രത

വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ഒരാളും മരിച്ചു. വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ല ഏറെക്കുറെ പൂര്‍ണമായും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. കോഴിക്കോട് ചൂരടി മലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടി-വയനാട് റോഡിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയി. മലയോര പ്രദേശങ്ങള്‍ വഴിയുള്ള യാത്രയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കളക്ടറുടെ നിര്‍ദേശമുണ്ട്.

എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവം വെള്ളത്തില്‍ മുങ്ങി. എറണാകുളം ഒക്കല്‍ തുരുത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ 150 സെന്റി മീറ്റര്‍ ഉയര്‍ത്തിയതോടെ ജില്ലയില്‍ പലയിടത്തും പ്രളയമുണ്ടായി. നഗരത്തില്‍ പലയിടത്തും കടകളില്‍ വെള്ളം കയറി.

കഞ്ചിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വെള്ളപ്പാച്ചിലില്‍ റെയില്‍വേ ട്രാക്ക് ഒഴുകിപ്പോയി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രദേശത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ പത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

Read:  മഴക്കെടുതി; കേരളത്തിന് കൈത്താങ്ങായി പത്ത് കോടി നല്‍കുമെന്ന് കര്‍ണ്ണാടക; എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

കണ്ണൂര്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ അയ്യന്‍കുന്ന്, ആറളം, ഇരിട്ടി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, കരിക്കോട്ടക്കരി തുടങ്ങിയ പഞ്ചായത്തുകളില്‍ വന്‍ നശനഷ്ടമുണ്ടായി. ഈ മേഖലകളില്‍ 12 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊട്ടിയൂരിനെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ ഏഴിടത്തായി ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഗതാഗതം പൂര്‍ണമായും തടസപെട്ടു.

പത്തനംതിട്ടയില്‍ ശബരിഗിര ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 986 അടിയായി. മൂന്ന് അടി കൂടി നിറഞ്ഞാല്‍ പരമാവധി സംഭരണശേഷിക്കു മുകളിലാവും. തൃശ്ശൂരില്‍ പെരിങ്ങല്‍കുത്ത്, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നതും മലയോര മേഖലയില്‍ മഴപെയ്തതും കാരണം അതിരപള്ളിയിലേയ്ക്ക് കൂടുതല്‍ വെള്ളം എത്തുന്നുണ്ട്. അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കുതിരാന്‍ തുരങ്കത്തിനു മുകളില്‍ മല ഇടിഞ്ഞുവീണു.

We use cookies to give you the best possible experience. Learn more