കോഴിക്കോട്: ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷെട്ടര്‍ തുറക്കാന്‍ സാധ്യത. സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുകയാണ്. കാലാവസ്ഥാപ്രവചനം മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ക്രമീകരിയ്ക്കുന്നതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴയുണ്ടായി.
Read Also : ഇടുക്കിയില്‍ വിനോദ സഞ്ചാരം നിരോധിച്ചു
115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് തുറന്നത്. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
ഇന്നലെ കാസര്‍കോട് നഗരത്തില്‍ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടാണ് മഴയും കാറ്റും കാസര്‍കോടിന്റെ വിവിധഭാഗങ്ങളില്‍ സംഹാരതാണ്ഡവമാടിയത്. കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മൊബൈല്‍ ടവറുകളും പരസ്യ ബോര്‍ഡുകളും നിലം പൊത്തി.
മംഗലംഡാം,പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകളും ഉയര്‍ത്തി. അട്ടപ്പാടിയും നെല്ലിയാമ്പതിയും ഉള്‍പ്പെടെ മലയോരമേഖലകളില്‍ നേരിയതോതില്‍ മഴ ലഭിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയിലേക്കുളള വിനോദസഞ്ചാരികളുടെ യാത്രാ വിലക്ക് തുടരും.
കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.